പെൺവാണിഭ സംഘത്തിന് വിറ്റത് ഒരു കുടുംബത്തിലെ ആറ് പെൺകുട്ടികളെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ..

ജയ്പൂർ: പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനായി വിറ്റ ബന്ധുക്കൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. 12നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് പൊലീസ് മോചിപ്പിച്ചത്.
രക്ഷപ്പെടുത്തിയ ആറ് കുട്ടികളിൽ അഞ്ച് പേരും പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. രണ്ട് പെൺകുട്ടികൾക്ക് ലൈംഗികമായി പകരുന്ന രോഗങ്ങൾ ബാധിച്ചിട്ടുള്ളതായും വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രത്യേക ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ പെൺവാണിഭ സംഘങ്ങൾക്ക് കൈമാറുന്നുവെന്ന രഹസ്യവിവരമാണ് സംഭവത്തിൽ നിർണായകമായത്. ഇടപാടുകൾക്ക് സഹായികളായി ബ്രോക്കർമാരും പ്രവർത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ ലൈംഗിക ചൂഷണത്തിനായി വിൽക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
രക്ഷപ്പെടുത്തിയ പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റി. രോഗബാധ കണ്ടെത്തിയ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും നൽകിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.