കണ്ണീരോർമകൾക്ക് വിട; ശ്രുതിയുടെ ജീവിതത്തിൽ ഇനി പുതിയ അധ്യായം; ഗുരുവായൂരപ്പന്റെ സന്നിധിയിൽ..

ഗുരുവായൂർ: വിധി തുടർച്ചയായി നൽകിയ ആഘാതങ്ങൾക്കിടയിലും ജീവിതത്തിലേക്ക് തിരിച്ചുനടന്ന് ശ്രുതി. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ കുടുംബത്തിലെ ഒൻപതോളം പേരെയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരൻ ജെൻസണെയും നഷ്ടപ്പെട്ട ശ്രുതി വീണ്ടും വിവാഹിതയായി. മാനന്തവാടി സ്വദേശി സന്ദീപാണ് ശ്രുതിയുടെ കഴുത്തിൽ താലിചാർത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു വിവാഹച്ചടങ്ങുകൾ.

ഒരു നാടിന്റെ മുഴുവൻ കണ്ണീരായി മാറിയ ദുരന്തമായിരുന്നു ചൂരൽമലയിലേത്. ആ ദുരന്തത്തിൽ അച്ഛനും അമ്മയും അനിയത്തിയുമടക്കം കുടുംബത്തിലെ ഒൻപതോളം പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ജീവിതത്തിൽ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസവും കരുത്തുമായി നിന്നത് വിവാഹം നിശ്ചയിച്ചിരുന്ന ജെൻസണായിരുന്നു. എന്നാൽ ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ഒരു മാസം തികയും മുൻപ് സെപ്റ്റംബറിലുണ്ടായ വാഹനാപകടം ജെൻസന്റെയും ജീവനെടുത്തു. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ ജീവിതത്തിലെ മറ്റൊരു വലിയ ദുരന്തമായി ആ വിയോഗം.

കാലം മായ്ക്കാത്ത മുറിവുകളുമായി മുന്നോട്ടുപോയ ശ്രുതിക്ക് ഇപ്പോൾ പുതിയൊരു ജീവിതസഖിയെ ലഭിച്ചിരിക്കുകയാണ്. മാനന്തവാടി സ്വദേശിയായ സന്ദീപുമായി 2026 ജൂലൈയിലായിരുന്നു വിവാഹനിശ്ചയം. തുടർന്ന് നവംബർ ഏഴിന് രാവിലെ ആറരയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. മുൻ റവന്യൂ മന്ത്രി കെ. രാജൻ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ശ്രുതിയുടെ വിവാഹം കേരളത്തിന്റെ ഒന്നാകെയുള്ള സന്തോഷമാണെന്ന് കെ. രാജൻ പറഞ്ഞു. ദുരന്തകാലത്ത് ശ്രുതിയെ ചേർത്തുപിടിച്ച മലയാളികൾ ഇന്നും അവൾക്കൊപ്പമുണ്ട്. കേരളം മുഴുവൻ അവളുടെ രക്ഷാകർത്താക്കളായി മാറിയിരുന്നുവെന്നും അവളുടെ ദുഃഖത്തിൽ പങ്കുചേർന്ന സാധാരണക്കാരുടെ സന്തോഷം കൂടിയാണ് ഈ വിവാഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് സന്ദീപ് കൈപിടിച്ചതെന്ന് ശ്രുതി പറഞ്ഞു. പുതിയ ജീവിതത്തിൽ ഏറെ സന്തോഷമുണ്ടെന്നും മുന്നോട്ടുള്ള നാളുകൾ കൂടുതൽ സന്തോഷകരമാകട്ടെയെന്ന് പ്രാർഥിക്കുന്നതായും ശ്രുതി പ്രതികരിച്ചു.

Related Articles

Back to top button