രഞ്ജി ട്രോഫിയിൽ കേരളത്തിന് കനത്ത തിരിച്ചടി….

രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളത്തിന് കൂറ്റൻ തോൽവി. ഒരിന്നിങ്സിനും 58 റൺസിനുമായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യ ഇന്നിങ്സിൽ 255 റൺസിന്റെ ലീഡ് വഴങ്ങി ഫോളോഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 197 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. സ്കോര്‍ ഗുജറാത്ത് – 534-9, കേരളം, 279,197.
ഒരു വിക്കറ്റിന് 41 റൺസെന്ന നിലയിൽ അവസാന ദിനം കളി ആരംഭിച്ച കേരളത്തിന് ആദ്യ ഓവറിൽ തന്നെ അഭിഷേക് പി നായരുടെ വിക്കറ്റ് നഷ്ടമായി. 29 റൺസെടുത്ത അഭിഷേകിനെ അർസാൻ നഗ്വാസ്വെല്ല ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ വരുൺ നായനാർക്കും പിടിച്ചുനിൽക്കാനായില്ല. എട്ട് റൺസെടുത്ത വരുൺ, സിദ്ധാർത്ഥ് ദേശായിയുടെ പന്തിൽ ഉർവിൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. എന്നാൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും ഒത്തുചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 66 റൺസ് കൂട്ടിച്ചേർത്തു. ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 121 റൺസെന്ന നിലയിലായിരുന്നു കേരളം.




