14 വർഷത്തെ കരിയറിന് വിരാമം… അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ്…

ഓസ്ട്രേലിയൻ സൂപ്പർ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38-കാരനായ താരം 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് വിരാമമിട്ടത്. ഏകദിന ക്രിക്കറ്റിൽനിന്ന് 2025ൽ വിരമിച്ച മാക്സ്വെൽ, ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നും പിന്മാറുന്നതോടെയാണ് ഓസ്ട്രേലിയൻ ജഴ്സിയിലുള്ള കരിയർ അവസാനിപ്പിക്കുന്നത്. വിക്ടോറിയയ്ക്കുവേണ്ടിയുള്ള ആഭ്യന്തര ഏകദിന, ചതുര്ദിന മത്സരങ്ങളിൽനിന്നും വിരമിക്കുമെന്ന് മാക്സ്വെൽ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫ്രാഞ്ചൈസി ടി20 ക്രിക്കറ്റിൽ താരം തുടരും. വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനായി കളിക്കാനാണ് മാക്സ്വെല്ലിന്റെ തീരുമാനം.
യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള ടീമിന്റെ തീരുമാനവുമാണ് വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നിലെ പശ്ചാത്തലം. 2026ലെ ടി20 ലോകകപ്പിൽ ഒമാനെതിരായ മത്സരമാണ് ഓസ്ട്രേലിയക്കായി മാക്സ്വെൽ കളിച്ച അവസാന അന്താരാഷ്ട്ര മത്സരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്വന്തം നാട്ടിൽ ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് അവസരം ലഭിച്ചില്ല. ഓസ്ട്രേലിയക്കായി 149 ഏകദിനങ്ങളും 130 ടി20 അന്താരാഷ്ട്ര മത്സരങ്ങളും ഏഴ് ടെസ്റ്റുകളും കളിച്ച മാക്സ്വെൽ ആകെ 7,226 റൺസും 136 വിക്കറ്റുകളും നേടി. ഏകദിനത്തിൽ 3,990 റൺസും ടി20യിൽ 2,897 റൺസുമാണ് സമ്പാദ്യം. ടെസ്റ്റിൽ ഏഴ് മത്സരങ്ങളിൽനിന്ന് 339 റൺസും നേടി. ഓസ്ട്രേലിയയുടെ മൂന്ന് ലോകകപ്പ് കിരീടനേട്ടങ്ങളിൽ പങ്കാളിയായ മാക്സ്വെൽ 2015ലെയും 2023ലെയും ഏകദിന ലോകകപ്പുകളും 2021ലെ ടി20 ലോകകപ്പും നേടിയ ടീമുകളിൽ അംഗമായിരുന്നു. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ പുറത്താകാതെ നേടിയ 201 റൺസാണ് താരത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന്.




