സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു….

അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ഇറാനിയൻ മത്സ്യബന്ധന കപ്പലായ ‘അസിനി’യാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. 48 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നാവികസേന കപ്പൽ മോചിപ്പിച്ചത്. സംഭവത്തിൽ ആളപായമോ ആർക്കും പരിക്കോ ഇല്ല.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷയിൽ ഇന്ത്യയുടെ നിർണായക ഇടപെടലാണ് കഴിഞ്ഞദിവസമുണ്ടായത്. മുംബൈ തീരത്തുനിന്ന് 3000 കിലോമീറ്റർ അകലെ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു നാവികസേനയുടെ രക്ഷാദൗത്യം. വ്യോമസേനയുടെ C-17 വിമാനത്തിൽ നിന്ന് പാരഡ്രോപ്പ് വഴി മറൈൻ കമാൻഡോകളെ എത്തിച്ചു. തുടർന്ന് കടൽക്കൊള്ളക്കാരെ കീഴടക്കി കപ്പൽ പൂർണ നിയന്ത്രണത്തിലാക്കുകയായിരുന്നു.




