ശ്രീകാര്യം കൊലപാതകത്തിൽ മൊഴി മാറ്റി പ്രതി

ശ്രീകാര്യത്ത് 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നില്ല യഥാർഥ ലക്ഷ്യമെന്നും മറ്റൊരു സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നുമാണ് പ്രതിയുടെ പുതിയ മൊഴി. ലക്ഷ്യമിട്ട വ്യക്തിയെ സ്ഥലത്തെത്തിക്കാൻ അഭിരാമിനെ ഉപയോഗിക്കാനായിരുന്നു തീരുമാനമെന്നും ഇതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.
ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ആദ്യം നൽകിയ മൊഴിയിൽ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് പ്രതി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ അഭിരാം നിരന്തരം സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം പെൺകുട്ടി തന്റെ ആൺസുഹൃത്തിനോട് പരാതിപ്പെട്ടതിനെത്തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമായിരുന്നു ആദ്യ മൊഴി.
എന്നാൽ, പെൺകുട്ടിയോട് മോശമായി പെരുമാറിയത് അഭിരാമിന്റെ മറ്റൊരു സുഹൃത്താണെന്നാണ് പുതിയ മൊഴിയിൽ പറയുന്നത്. ഇയാളെ വിളിച്ചുവരുത്താൻ അഭിരാമിനെ ഉപയോഗിക്കാനായിരുന്നു പദ്ധതിയെന്നും പ്രതി വ്യക്തമാക്കിയതായാണ് വിവരം. ഇതിന്റെ ഭാഗമായി അഭിരാമിനെ വിളിച്ചുവരുത്തിയെന്നും പിന്നീട് ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പ്രതിയുടെ വിശദീകരണം. പുതിയ മൊഴിയിലെ വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്



