സെൻസസ്: വീടുകൾ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ്… 13 പുതിയ ചോദ്യങ്ങൾ..

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ജനുവരി 10ന് അതിന്റെ നിർണായകമായ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഈ ഘട്ടത്തിൽ ഓരോരുത്തർക്കും സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള (സെൽഫ് എന്യുമറേഷൻ) സൗകര്യം ലഭിക്കും. ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുകൾ തോറും നേരിട്ടെത്തി ജനസംഖ്യാ കണക്കെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. മാർച്ച് ഒന്നുമുതൽ അഞ്ചു വരെ വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള ഘട്ടവും ഉണ്ടായിരിക്കും.
അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക സാമ്പത്തിക വിശദാംശങ്ങൾ എന്നിവയാകും ശേഖരിക്കുക. മാതാപിതാക്കളുടെ പേര്, പങ്കാളിയുടെ പേര്, പൗരത്വം, ആധാർ നമ്പർ, മൊബൈൽ നമ്പർ, വോട്ടർ ഐഡി നമ്പർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയവ ഉൾപ്പെടെ 40 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഇതിൽ 13 എണ്ണം പുതിയ ചോദ്യങ്ങളാണ്.
ജാതി സെൻസസും ഇതിനൊപ്പം നടക്കും. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് സെൻസസിനൊപ്പം ജാതി വിവരങ്ങൾ ശേഖരിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നി നാലു സംസ്ഥാനങ്ങളിൽ ഈ നടപടി നേരത്തെ ആരംഭിക്കും. നവംബർ 16 മുതൽ ജനുവരി അഞ്ചുവരെ സെൽഫ് എന്യുമറേഷൻ സൗകര്യം ലഭ്യമാക്കും. ഈ സംസ്ഥാനങ്ങളിൽ വീടുകൾ തോറും കയറിയിറങ്ങിയുള്ള ജനസംഖ്യാ കണക്കെടുപ്പ് ഡിസംബർ ഒന്നിന് ആരംഭിക്കും.




