കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞമരുന്ന് നൽകിയതായി സംശയം… അന്വേഷണത്തിന്….

തിരുവനന്തപുരം: 2023 മുതൽ 2025 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് കോവിഡ്, നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ മരുന്ന് വിതരണം ചെയ്തിട്ടുണ്ടോയെന്ന സംശയത്തിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ. ഉന്നയിച്ച സബ്മിഷന് മറുപടി നൽകവേയാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ ഇക്കാര്യം അറിയിച്ചത്.

കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണോ മരണങ്ങൾക്ക് കാരണമായതെന്ന് പരിശോധിക്കാൻ ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി. സംശയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റെംഡെസിവിർ നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കും. മരുന്നിന്റെ കാലാവധി സംബന്ധിച്ച കാര്യങ്ങളും രോഗികളുടെ ചികിത്സാ വിവരങ്ങളും പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് ആറ് നിപ്പ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതും മരണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണത്തിൽ പരിശോധിക്കും. മരുന്ന് വിതരണം സംബന്ധിച്ച സംശയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ആരോഗ്യവകുപ്പ് കൂടുതൽ പരിശോധനകളിലേക്ക് കടക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

Related Articles

Back to top button