മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം

നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കലയെയും കലാകാരന്മാരെയും നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ കമ്യൂണിസ്റ്റ് സംസ്കാരമെന്നും മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



