ശബരിമല മിൽമ നെയ്യ് ക്രമക്കേട്… അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ്…

കൊല്ലം: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ അറസ്റ്റിലായ കരാറുകാരൻ എസ്.എസ്. ബിനുവിനെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതിയെ കസ്റ്റഡിയിൽ അനുവദിച്ചത്. തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതിനൊപ്പം, തമിഴ്നാട്ടിലേക്ക് അടക്കം കൊണ്ടുപോയി തെളിവുകൾ ശേഖരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.
കേസിൽ ഇനിയും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ശബരിമലയിലേക്ക് എത്തിക്കാൻ മിൽമയിൽ നിന്ന് കൈപ്പറ്റിയ നെയ്യ്, വ്യാജരേഖ ചമച്ച് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. തമിഴ്നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്, ലിയോ ട്രേഡേഴ്സ് എന്നീ ഏജൻസികൾക്കാണ് 11,040 കിലോഗ്രാം നെയ്യ് ബിനു മറിച്ചുവിറ്റത്. ഈ കറുത്ത കച്ചവടത്തിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയ പ്രതി, കൃത്രിമ രേഖകൾ കാണിച്ചാണ് ചെക്ക് പോസ്റ്റ് വഴി നെയ്യ് കടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.




