17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് പുതിയ കോടതി

കൊച്ചി: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിൽ ജഡ്ജിയുടെ മകനായ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി മാറ്റം. അഡീഷണൽ സെഷൻസ് കോടതി-2-ൽ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് കേസ് മാറ്റിയത്. വിദ്യാർത്ഥിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ, അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബവും ഇതേ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ (55) ദാരുണമായി കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരമായി കാറോടിക്കുന്ന ആളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കുന്നതിനായാണ് ഇവർ രാത്രി വൈകി വാഹനവുമായി ഇറങ്ങിയത്. അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ, കാറിന്റെ ഉടമയും കുട്ടിയുടെ പിതാവുമായ അഡീഷണൽ ജഡ്ജിക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്തയാൾ അപകടം ഉണ്ടാക്കുമ്പോൾ വാഹന ഉടമയെയോ രക്ഷിതാവിനെയോ ഉത്തരവാദിയാക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199(A) വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button