എല്ലാ വിവരങ്ങളും മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു… ചേരാനല്ലൂർ ബെൻസ് അപകടക്കേസിൽ….

കൊച്ചി: ചേരാനല്ലൂർ ബെൻസ് വാഹനാപകടക്കേസിലെ പൊലീസ് നടപടിയിൽ സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി. കേസിൽ എല്ലാ നടപടികളും മേലുദ്യോഗസ്ഥരെ കൃത്യമായി അറിയിച്ചിട്ടും സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മാത്രം നടപടിയെടുത്തതിലാണ് വ്യാപക വിമർശനം ഉയരുന്നത്. യഥാർത്ഥ മേൽനോട്ട വീഴ്ചകളിൽ അന്വേഷണം നടക്കുന്നില്ലെന്നും ആരോപണമുണ്ട്.

അപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് ജഡ്ജിയുടെ മകനായതിനാൽ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥർ എല്ലാ വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. സെൻട്രൽ എസിപി, ഡിസിപി, കമ്മീഷണർ തുടങ്ങി എല്ലാ ഉന്നത ഉദ്യോഗസ്ഥരേയും അറിയിച്ചുകൊണ്ടാണ് തുടർനടപടികൾ സ്വീകരിച്ചിരുന്നത്. എന്നിട്ടും സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെ മാത്രം സസ്പെൻഡ് ചെയ്തതാണ് പൊലീസുകാർക്കിടയിൽ അമർഷത്തിന് ഇടയാക്കിയിരിക്കുന്നത്. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാം കുമാർ, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുൺജിത്ത് എന്നിവർക്കെതിരെയാണ് നിലവിൽ നടപടിയെടുത്തിരിക്കുന്നത്. സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിലും ആവർത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്. അതിനിടെ, എഡിജിപി പി. വിജയൻ മരിച്ച ജയബാലകൃഷ്ണന്റെ വീട് സന്ദർശിക്കുകയും ശക്തമായ നടപടിയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

Related Articles

Back to top button