സങ്കടമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ജോലി വേണം… സർക്കാർ ഒഴിഞ്ഞുമാറുന്നത് വലിയ സാമ്പത്തിക ബാധ്യത പറഞ്ഞിട്ട്…

തിരുവനന്തപുരം: എൽ.പി.എസ്.ടി (LPST) സമരവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടിക്ക് ശക്തമായ മറുപടിയുമായി സമരസമിതി നേതാവ് വളർമതി രംഗത്ത്. സർക്കാർ നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട അവർ, വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വർഷമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തലമുണ്ഡനം ചെയ്ത ഫോട്ടോയുമായി നടക്കുന്നതെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പരാമർശം.
പ്രതിപക്ഷത്തിരുന്നപ്പോൾ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇന്ന് തങ്ങളെ അവഗണിക്കുന്നതെന്ന് വളർമതി കുറ്റപ്പെടുത്തി. സർക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്ന് ആരോപിച്ചാണ് വളർമതി തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. തങ്ങൾക്ക് ജോലി നൽകുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് പറഞ്ഞ് സർക്കാർ ഒഴിയാൻ നോക്കുകയാണെന്നും അവർ ആരോപിച്ചു. പ്രശ്നപരിഹാരത്തിന് 45 ദിവസം സാവകാശം ചോദിച്ചത് സമരം ഒതുക്കി തീർക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തന്ത്രം മാത്രമാണെന്നും ഇതിനുപിന്നിൽ വലിയ അട്ടിമറികളുണ്ടെന്നും വളർമതി ആരോപിച്ചു. പഠിച്ച് നേടിയെടുത്ത യോഗ്യതയ്ക്കുള്ള ജോലി ലഭിച്ചേ തീരൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. മുഖ്യമന്ത്രിയെ വീണ്ടും കാണാൻ ശ്രമിക്കുമെന്നും മാന്യമായ നീതി ലഭിച്ചില്ലെങ്കിൽ മരണം വരെ നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.



