ഒരു കൈയിൽ ഫോൺ, മറുകൈയിൽ സ്റ്റിയറിങ്… വിദ്യാർഥികളുമായി സ്കൂൾ ബസ് ഡ്രൈവറുടെ അപകടയാത്ര…

കട്ടപ്പന: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിച്ച് ഡ്രൈവറുടെ നിയമലംഘനം. ഒരു കൈയിൽ മൊബൈൽ ഫോണും മറുകൈയിൽ സ്റ്റിയറിങ്ങും പിടിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കട്ടപ്പന കാഞ്ചിയാർ സ്വരാജ് സയൻ പബ്ലിക് സ്കൂളിലെ ബസ് ഡ്രൈവറാണ് നിയമലംഘനം നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ഫോൺ വിളിച്ചുകൊണ്ട് അമിതവേഗത്തിൽ ബസ് ഓടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവറുടെ പ്രവൃത്തി വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഡ്രൈവറെ ശാസിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.



