കെഎസ്‌യു പ്രതിഷേധക്കേസ്… വീണാ ജോർജിന് പുറത്ത് കാണാവുന്ന പരുക്കുണ്ടായിരുന്നില്ലെന്ന്….

കണ്ണൂർ: മുൻ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്കുകളുണ്ടായിരുന്നില്ലെന്നാണ് ഡോക്ടർമാർ മൊഴി നൽകിയതെന്നാണ് വിവരം. ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും അന്വേഷണസംഘം ശേഖരിച്ചു. വീണാ ജോർജിന്റെ ചികിത്സയ്ക്കായി അന്ന് രൂപീകരിച്ച 13 അംഗ മെഡിക്കൽ ബോർഡിലെ ഡോക്ടർമാരിൽ നിന്നാണ് എസ്‌ഐടി മൊഴിയെടുത്തത്.
അന്നത്തെ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ഉൾപ്പെടെ സ്ഥലംമാറിപ്പോയ ഡോക്ടർമാരിൽ നിന്നും ഫോണിലൂടെ വിവരങ്ങൾ തേടി. പുറത്ത് കാണാവുന്ന പരുക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും കഴുത്തിൽ നീർക്കെട്ടും രണ്ട് നാഡികൾ തള്ളിനിൽക്കുന്ന അവസ്ഥയും കണ്ടിരുന്നതായി ഡോക്ടർമാരുടെ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരം. ഇതേത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ തുടർപരിശോധനകൾ നടത്തിയിരുന്നു. വീട്ടിലേക്ക് പോകണമെന്ന് വീണാ ജോർജ് ആവശ്യപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ ബോർഡ് ഓൺലൈനായി യോഗം ചേർന്നാണ് ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. രക്തസമ്മർദവും ശരീരവേദനയും കുറഞ്ഞതും എംആർഐ പരിശോധനാ റിപ്പോർട്ടും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നാണ് വിവരം. മന്ത്രിയായിരിക്കെ ഫെബ്രുവരി 25നാണ് കണ്ണൂരിൽ വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയശേഷമാണ് അന്ന് രാത്രി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.



