ആരോഗ്യനയ പരിഷ്കരണ സമിതിയുടെ തലപ്പത്ത് യു.പി. മുൻ ചീഫ് സെക്രട്ടറി; ഗോമതി റിവർഫ്രണ്ട് ക്രമക്കേടിൽ ആരോപണവിധേയൻ

കേരളത്തിന്റെ ആരോഗ്യനയത്തിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് രൂപവത്കരിച്ച കേരള ഹോളിസ്റ്റിക് മാതൃക ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനരൂപരേഖ അവതരിപ്പിച്ചത് ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ. ലഖ്‌നൗവിലെ 1,500 കോടി രൂപയുടെ ഗോമതി റിവർഫ്രണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ആരോഗ്യരംഗവുമായി സിംഘലിനുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാതെയാണ് മുഖ്യമന്ത്രി ചെയർമാനായ 16 അംഗ സമിതിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയതെന്ന വിമർശനവും ഉയരുന്നു.

46 പേജുള്ള പ്രവർത്തനരൂപരേഖയാണ് സിംഘൽ അവതരിപ്പിച്ചത്. ആരോഗ്യനയം പരിഷ്കരിക്കാനുള്ള നിർണായക ചുമതലയുള്ള സമിതിയിൽ ആരോഗ്യ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദീകരണങ്ങളൊന്നും രേഖകളിൽ ലഭ്യമല്ലെന്നാണ് ആക്ഷേപം.

അഖിലേഷ് യാദവ് സർക്കാർ 2015-ൽ ആരംഭിച്ച ഗോമതി റിവർഫ്രണ്ട് പദ്ധതിയുടെ കാലത്ത് ജലസേചനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സിംഘൽ. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ പദ്ധതിയിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. മുൻ ചീഫ് സെക്രട്ടറി ആലോക് രഞ്ജനെയും സിംഘലിനെയും കമ്മിഷൻ കുറ്റപ്പെടുത്തിയതിനു പിന്നാലെ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് 189 പേരെ പ്രതിചേർത്ത് 2021-ൽ സി.ബി.ഐ രണ്ടാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാൽ, കേസുകളിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണനടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.

Related Articles

Back to top button