മുസ്ലിം ലീഗ് തനിക്കുമേൽ യാതൊരു സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് വി.ഡി. സതീശൻ; കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലല്ല സംസ്ഥാന സർക്കാരെന്നും..

യുഡിഎഫ് സർക്കാരിന് പാർട്ടിക്കുള്ളിൽ നിന്നോ മുന്നണിയിലെ ഘടകകക്ഷികളിൽ നിന്നോ സമ്മർദ്ദങ്ങളില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സർക്കാരിൽ സമ്മർദ്ദങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതാണെന്നും മുസ്ലിം ലീഗ് തനിക്കുമേൽ യാതൊരു സമ്മർദ്ദവും ചെലുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ യുഡിഎഫിന്റെ വിജയത്തിന് കാരണം മുന്നണി ഒറ്റക്കെട്ടായി ഒരു പാർട്ടിയെപ്പോലെ പ്രവർത്തിച്ചതാണെന്ന് സതീശൻ പറഞ്ഞു. ഈ കൂട്ടായ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന രാഷ്ട്രീയ പ്രവർത്തനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മുസ്ലിം ലീഗിനെ 1940-കളിലെ ലീഗുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ദുർബലപ്പെട്ടാൽ കേരളത്തിൽ ആ രാഷ്ട്രീയ ഇടം തീവ്രശക്തികൾ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ആർക്കും ആരെയും അപകീർത്തിപ്പെടുത്താനും കുറ്റക്കാരെ വെള്ളപൂശാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നാലെ പോയാൽ ഭരണപരമായ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകില്ല. സ്വന്തം നിലപാടുകളിൽ വ്യക്തമായ ബോധ്യമുണ്ടാകണം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാണെന്നും മനുഷ്യസഹജമായ പിഴവുകൾ തനിക്കും സംഭവിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നെങ്കിൽ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുമായിരുന്നുവെന്നും സതീശൻ വെളിപ്പെടുത്തി.

Related Articles

Back to top button