പൊലീസ് ഉദ്യോഗസ്ഥ മുൻ മന്ത്രിയെ തള്ളിയിട്ടു

ആന്ധ്രാപ്രദേശിൽ മുൻമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (വൈ.എസ്.ആർ.സി.പി) നേതാവുമായ വിഡദല രജനിയെ പൊലീസ് ഉദ്യോഗസ്ഥ തള്ളിയിട്ടു. പൽനാട് ജില്ലയിലെ ചിലകലൂരിപ്പേട്ടിൽ രജനിയുടെ വീടിന് മുന്നിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥ രജനിയെ തള്ളുന്നതും അവർ നിലത്തുവീഴുന്നതും ഉൾപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വൈ.എസ്.ആർ.സി.പി നേതാവും യാദ്ലപ്പാട് സ്ഥാനാർഥിയുമായ പാണ്ഡുല ബുള്ളബ്ബായിയെ രജനിയുടെ വീട്ടിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുവദിക്കാതിരുന്നതാണ് തർക്കത്തിന് തുടക്കമിട്ടത്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനെത്തിയ അതിഥിയെ തടഞ്ഞതിന്റെ കാരണം ചോദിച്ചാണ് രജനി വീടിന് പുറത്തേക്ക് എത്തിയത്. ഇതോടെ പൊലീസും രജനിയും തമ്മിൽ വാക്കേറ്റമുണ്ടായി.

തർക്കത്തിനിടെ ചിലകലൂരിപ്പേട്ട് റൂറൽ സബ് ഇൻസ്‌പെക്ടർ പ്രിയങ്ക രജനിയെ തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. തന്നെ തടയുന്നതെന്തിനെന്നും പൊലീസ് ഉദ്യോഗസ്ഥയോട് രോഷത്തോടെ ചോദിക്കുന്ന രജനിയെയും വിഡിയോയിൽ കാണാം. മൂർച്ചയുള്ള കല്ലിന് മുകളിലേക്ക് രജനിയെ തള്ളിയിടാനാണ് ഉദ്യോഗസ്ഥ ശ്രമിച്ചതെന്നും വൈ.എസ്.ആർ.സി.പി ആരോപിച്ചു. പാർട്ടിയാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Related Articles

Back to top button