ഭക്ഷണം കഴിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം… മന്ത്രി

തിരുവനന്തപുരം: ലോക്ഭവനിലെ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിലും മന്ത്രി പ്രതികരിച്ചു. ഫയൽ വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണത്തിന് അനുമതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ അനുമതി നൽകേണ്ടിയിരുന്ന കേസാണിത്.
അന്വേഷണം ആവശ്യമായതിനാലാണ് അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം അനുമതി നൽകിയതെന്നും അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുവരട്ടെയെന്നും മന്ത്രി വ്യക്തമാക്കി. തീരുമാനത്തിൽ തെറ്റില്ലെന്നാണ് തന്റെ ബോധ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജിലൻസ് അന്വേഷണം രഹസ്യ സ്വഭാവത്തിലുള്ളതാണെന്നും അന്വേഷണത്തിന്റെ സുഗമമായ നടത്തിപ്പിന് ചില വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. ചില സ്പാകൾ ലൈംഗിക ചൂഷണത്തിനുള്ള വേദികളായി മാറുന്നുവെന്നും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.



