എസ്എംഎ മരുന്ന് വിവാദത്തിൽ ആശങ്കയുണ്ടാക്കിയത് ചില മാധ്യമങ്ങൾ… മരുന്ന് സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: എസ്.എം.എ. (സ്പൈനൽ മസ്കുലർ അട്രോഫി) മരുന്ന് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്ത്. കുട്ടികളുടെ രക്ഷിതാക്കളോട് മരുന്നിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിച്ചതാണെന്നും, അനാവശ്യ ആശങ്ക ഉണ്ടാക്കിയത് ചില മാധ്യമങ്ങളാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ സ്റ്റിക്കർ എങ്ങനെ വന്നു എന്നത് പരിശോധിക്കുമെന്നും, സംശയം ഉണ്ടാകേണ്ട എന്ന് കരുതിയാണ് മരുന്ന് തിരിച്ചുവിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലിനിക്കൽ ട്രയൽ എന്ന് എഴുതിയ മരുന്ന് സുരക്ഷിതമാണെന്നും അതിന്റെ പരിശോധന പൂർത്തിയായതാണെന്നും എസ്.എം.എ. മരുന്ന് കമ്മിറ്റി വിദഗ്ധ സമിതി പ്രതികരിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എസ്.എം.എ. രോഗബാധിതർക്കായി നാർകോ ഫാർമയുടെ മരുന്ന് തന്നെ തുടർന്നും ഉപയോഗിക്കും. വിദേശ നിർമിത മരുന്ന് ഇനി ഉപയോഗിക്കില്ലെന്നും, ഇന്ത്യൻ മരുന്ന് പരീക്ഷിച്ച് വിജയിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി എം.ബി.ബി.എസുകാരനല്ലെങ്കിലും വിദഗ്ധ ഡോക്ടർമാരുടെ പാനലുണ്ടെന്നും അവരെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കാൻ ഡോക്ടർമാർ നേരിട്ട് സംസാരിക്കുമെന്നും, ഇതിന് പിന്നിൽ ചില വിദേശ മരുന്നു കമ്പനികളുടെ ഇടപെടൽ ഉണ്ടാകാമെന്നും മന്ത്രി സംശയം പ്രകടിപ്പിച്ചു.
മരുന്ന് വിവാദത്തിൽ മുൻ ആരോഗ്യ മന്ത്രിമാരുടെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയാണ് കെ. മുരളീധരൻ നൽകിയത്. വനിതകളായതുകൊണ്ട് മാത്രമാണ് പലതും പറയാത്തതെന്നും, പാർട്ടിക്കാർ തന്നെ ‘എക്സ്പയറി’ എന്ന് പറഞ്ഞു മാറ്റി നിർത്തിയവരാണ് ഇപ്പോൾ തനിക്കെതിരെ ഒന്നിച്ചതെന്നും മന്ത്രി പരിഹസിച്ചു. കുട്ടികൾക്ക് നല്ല മരുന്ന് നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, “സർജറിയുടെ സമയത്ത് വയറ്റിൽ കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന ഏർപ്പാട് തന്റെ കാലത്തില്ല” എന്നും തുറന്നടിച്ചു. കൂടാതെ, ആരോഗ്യമേഖലയിലെ കഴിഞ്ഞ പത്ത് വർഷത്തെ കൊള്ള വിജിലൻസ് അന്വേഷിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.



