റോഡരികില്‍ ബൈക്ക് നിര്‍ത്തിയിട്ട് പോയി തിരിച്ചുവന്നപ്പോള്‍ വാഹനമില്ല….കണ്ടെത്തിയത്….

ബൈക്ക് മോഷണം പതിവാക്കിയ സംഘത്തില്‍പ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി അന്‍ഷിഫാണ് പിടിയിലായത്. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ഓഫീസിന് സമീപം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മത്സ്യതൊഴിലാളിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് നടപടി. ഇയാള്‍ പിടിയിലായതോടെ മറ്റു ചില ബൈക്ക് മോഷണ കേസുകള്‍ക്കും തുമ്പുണ്ടായതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 28ാം തീയതി ചാലിയം പോസ്റ്റ് ഓഫീസിന് സമീപത്താണ് തന്റെ ബജാജ് പള്‍സര്‍ ബൈക്ക് നിര്‍ത്തിയിട്ട് കടലുണ്ടി സ്വദേശിയായ യുവാവ് മത്സ്യബന്ധനത്തിനായി പോയത്. പിന്നീട് അന്‍ഷിഫും സംഘവും ഇത് മോഷ്ടിച്ച് കടത്തുകയായിരുന്നു. ഫറോക്ക്, ബേപ്പൂര്‍ മേഖലയില്‍ ബൈക്ക് മോഷണം വര്‍ധിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫറോക്ക് എസിപിയുടെ നിയന്ത്രണത്തിലുള്ള സ്ക്വാഡും ബേപ്പൂര്‍ പൊലീസും അന്വേഷണം അതിര്‍ത്തി ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മോഷണം പോയ ബൈക്ക് മഞ്ചേരിയിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്നും കണ്ടെത്തി.



