ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ലഹരിവിൽപ്പന…. രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോടിന് സമീപം കൊയ്ത്തൂർകോണത്തെ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ രണ്ടുപേരെ റൂറൽ ഡാൻസാഫ് സംഘം പിടികൂടി. കൊയ്ത്തൂർകോണം ആനക്കോട് സ്വദേശി വിഷ്ണു, കല്ലറ പഴയചന്ത സ്വദേശി പ്രവീൺ കുമാർ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നടപടി.

ചെറുകിട വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടെയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരിൽനിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വിഷ്ണുവെന്ന് പോലീസ് അറിയിച്ചു. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതികളെ പോത്തൻകോട് പോലീസിന് കൈമാറി. ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button