തിരഞ്ഞെടുപ്പ് കമ്മിഷനിൽ ജോലി വിഭജന തർക്കം… കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ച്…

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ജോലി വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തയച്ചതായി വിവരാവകാശ രേഖ. ജൂലൈയിൽ അയച്ച കത്തുകൾ കാബിനറ്റ് സെക്രട്ടേറിയറ്റിൽ ലഭിച്ചതായും തുടർനടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറിയതായും റിപ്പോർട്ട് ചെയ്തു.
2026 ജൂലൈ 28-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ച ജോലി വിഭജന ഉത്തരവാണ് തർക്കത്തിന് കാരണമായത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ഐ.ടി സംവിധാനത്തിന്റെ മേൽനോട്ട ചുമതലയിൽ തങ്ങളുടെ അറിവില്ലാതെ മാറ്റങ്ങൾ വരുത്തിയതിനെ കമ്മിഷണർമാർ എതിർത്തതായാണ് റിപ്പോർട്ട്. തുടർന്ന് ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവെച്ചു. ഇരുകമ്മിഷണർമാരും അയച്ച പത്ത് പേജുള്ള കത്തുകൾ ജൂലൈ 30-നാണ് കാബിനറ്റ് സെക്രട്ടേറിയറ്റിൽ ലഭിച്ചത്. ഓഗസ്റ്റ് 5-ന് കത്തുകൾ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ഓഫീസിലേക്കും കൈമാറി. പത്ത് പേജുള്ള കത്തുകൾ, രണ്ട് പേജുള്ള മറുപടികൾ, രണ്ട് പേജുള്ള ഫയൽ കുറിപ്പുകൾ എന്നിവയുൾപ്പെടെ ആകെ 14 പേജുള്ള രേഖകളാണ് കൈമാറിയത്.
എന്നാൽ കത്തുകളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വിവരാവകാശ രേഖയിൽ ലഭ്യമല്ല. വിവാദവുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച് കത്തയച്ചെന്ന കാര്യം സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, കത്തയച്ചതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 26-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം നൽകിയിരുന്നു. കത്ത് നയപരമായ തീരുമാനങ്ങളെയോ ഐ.ടി വിഭാഗത്തെയോ സംബന്ധിച്ചുള്ളതല്ലെന്നും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നുമായിരുന്നു കമ്മിഷന്റെ വിശദീകരണം.




