ലോക്ഭവനിൽ 23ന് കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ…

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ ഈ മാസം 23ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. തമിഴ്നാട് ഗവർണറായി നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് ഓം പ്രകാശ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേൽക്കുന്നത്.
നേരത്തെ സിക്കിം ഗവർണറായി പ്രവർത്തിച്ചിരുന്ന മാഥുർ രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. ബിജെപിയുടെ ഗുജറാത്ത് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഗവർണറുടെ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങൾ ലോക്ഭവനിൽ പുരോഗമിക്കുകയാണ്.
