മുസ്തഫല്‍ ഫൈസിയെ ഉള്‍പ്പെടുത്തിയത് ചോദിച്ചിട്ടല്ല… സമസ്തയോട് കൂടിയാലോചന നടത്തിയിട്ടില്ലെന്ന് തങ്ങള്‍

മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സമസ്തയോട് കൂടിയാലോചന നടത്തിയിട്ടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗമാക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുസ്തഫല്‍ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് ഉള്‍പ്പെടുത്തിയതല്ലെന്നും, ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.
അതേസമയം, മായീന്‍ ഹാജിയെ ബോർഡിൽ ഉൾപ്പെടുത്തിയതില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മായീന്‍ ഹാജിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മായീന്‍ ഹാജിയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും, ചെറുപ്പം മുതല്‍ സമസ്തയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗിന്റെ നോമിനിയാണ് മായീന്‍ ഹാജിയെങ്കിലും അദ്ദേഹം സമസ്തയുടെ ആളുമാണ്. സമസ്തയ്ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ന്യായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് ചെയര്മാന് എന്ന നിലയില്‍ തികച്ചും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച ശേഷം മായീന്‍ ഹാജി പ്രതികരിച്ചത്.
ഇതിനിടെ, കാന്തപുരം എ.പി. അബൂബക്കല് മുസലിയാരുമായും മായീന്‍ ഹാജി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കോഴിക്കോട് മര്‍ക്കസില്‍ വെച്ചാകും ഈ കൂടിക്കാഴ്ച. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട അനുനയ നീക്കങ്ങളുടെ ഭാഗമായി മന്ത്രി എന്‍. ഷംസുദ്ദീന് ഇന്നലെ കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു. പുതിയ ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.




