വഖഫ് പുനഃസംഘടന.. പ്രതിഷേധ മാർച്ച് പിൻവലിച്ച് മുസ്ലിം ജമാഅത്ത്

വഖഫ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുസ്ലിം ജമാഅത്ത് മറ്റന്നാൾ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചു. പ്രശ്‌നം പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി പ്രതികരിച്ചു. എ പി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ചർച്ചയിലൂടെ പ്രശ്‌നം പരിഹരിച്ചുവെന്നും വഖഫ് ബോർഡിൽ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകുമെന്നും മന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. പരിഗണിക്കാതിരുന്നത് ബോധപൂർവ്വം അല്ലെന്ന് കാന്തപുരത്തെ ബോധ്യപ്പെടുത്തിയെന്നും ഷംസുദ്ദീൻ വ്യക്തമാക്കി



