പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു

വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്നാണ് ഇത്തരത്തിൽ ബസുകൾ തടഞ്ഞിട്ടത്. അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് ഇത്തരത്തിൽ തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതേതുടർന്ന് യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ യാത്രക്കാരെ ഇറക്കുകയും ബസുകൾ ടോൾ പ്ലാസയ്ക്ക് സമീപതെക്ക് മാറ്റിയിടുകയും ചെയ്തു. യാത്രക്കാർ മറ്റു ബസ്സുകളിൽ കയറിയാണ് യാത്ര തുടർന്നത്. ബസ് ജീവനക്കാർ തൃശൂർ ഡിപ്പോയുമായി ബന്ധപ്പെട്ടു. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിടാൻ സമ്മതിച്ചത്.




