ഓപ്പറേഷൻ തൂഫാൻ’ നാർക്കോ ഹണ്ടിന്റെ ഭാഗമായി 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി നഗരത്തിൽ ‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിൽ 4.28 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂർ സ്വദേശി അബ്ദുസലാം (32), തിരൂരങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ് (26) എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തുനിന്നാണ് ഇരുവരെയും ഡാൻസാഫ് ടീം പിടികൂടിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ അബ്ദുസലാം മുൻപും സമാനമായ കേസിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. 2024-ൽ 51 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും ലഹരിമരുന്നുമായി ഇയാൾ പിടിയിലാകുന്നത്. ലഹരിക്കടത്ത് കേസുകളിൽ ആവർന്നു പ്രതിയാകുന്നതിനാൽ ഇയാൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലും, ഡി.സി.പിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് കൊച്ചി നഗരത്തിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമായി പുരോഗമിക്കുന്നത്.



