തൃണമൂൽ വിട്ട് എൻഡിഎയിൽ എത്തിയതോടെ യൂസഫ് പത്താന്റെ ഭൂമി തർക്കത്തിന്…

അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോക്സഭ എംപിയുമായ യൂസഫ് പത്താന്റെ വർഷങ്ങൾ നീണ്ട ഭൂമി തർക്കത്തിന് പരിഹാരമാകുന്നു. വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള 25 സെന്റോളം വരുന്ന ഭൂമി യൂസഫ് പത്താന് വിട്ടുനൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. ഇതിൽ പകുതി ഭൂമി സർക്കാരിന്റെ സമ്മാനമായി നൽകുമ്പോൾ, ബാക്കി ഭൂമിയ്ക്കായി പത്താനിൽ നിന്ന് 10 കോടി രൂപയോളം ഈടാക്കാനാണ് തീരുമാനം.

എന്നാൽ, തൃണമൂൽ കോൺഗ്രസ് വിട്ട് എൻഡിഎയുമായി സഹകരിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് ഗുജറാത്ത് സർക്കാർ ഈ ഒത്തുതീർപ്പിൽ എത്തിയതെന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 2012-ലാണ് വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള ഈ ഭൂമിയിൽ യൂസഫ് പത്താൻ അവകാശമുന്നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലയിലുള്ള സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി 99 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇത് തടഞ്ഞതിനെ തുടർന്ന് തർക്കം നീണ്ടുപോയി. തുടർന്ന് 2024-ൽ തൃണമൂൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, സർക്കാർ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി വഡോദര മുനിസിപ്പൽ കോർപ്പറേഷൻ പത്താന് നോട്ടീസ് നൽകി.

ഇതിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, നിയമപരമായി അവകാശം ലഭിക്കാതെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് കോടതി വിമർശിച്ചതോടെ പത്താൻ ഹർജികൾ പിൻവലിക്കുകയായിരുന്നു. പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മമതാ ബാനർജിയോട് ഇടഞ്ഞ് യൂസഫ് പത്താൻ ഉൾപ്പെടെയുള്ള 20 തൃണമൂൽ എംപിമാർ പാർട്ടി വിടുകയും, എൻഡിഎയുടെ ഭാഗമായ എൻസിപിഐയിൽ ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി തർക്കത്തിൽ ഈ ഒത്തുതീർപ്പുണ്ടായത്. ഗുജറാത്തിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രതലത്തിൽ തിളങ്ങിയ കായികതാരങ്ങൾക്കുള്ള ക്ഷേമപദ്ധതിയുടെ പേരിലാണ് ഭൂമിയുടെ പകുതി ഭാഗം സമ്മാനമായി നൽകുന്നത്. ബാക്കി ഭൂമിയുടെ മൂല്യം കണക്കാക്കി പത്ത് കോടിയോളം രൂപയാണ് സർക്കാരിലേക്ക് അടക്കേണ്ടത്.

Related Articles

Back to top button