കോവളത്തെ സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിറ്റ സംഭവം…കുട്ടിയുടെ ഇളയമ്മയും ഭര്ത്താവും പിടിയില്

തിരുവനന്തപുരം: കോവളത്ത് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ വിറ്റ സംഭവത്തില് ബന്ധുക്കള് പിടിയില്. ആന്ധ്രപ്രദേശില് നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്. പെണ്കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്ത്താവുമാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു. ജൂലായ് മുതല് വിവിധ സ്പാകളില് കുട്ടി ജോലി ചെയ്ത് വരികയായിരുന്നു. കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിലാകുകയും അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പൊലീസ് വിവിധ സ്പാകളില് പരിശോധന നടത്തുകയും ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതല് അന്വേഷിച്ചറിയുകയുമായിരുന്നു. പൂവാര് സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയും സ്പായില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ നിലവില് റിമാന്ഡ് ചെയ്തിരിക്കുകയാണ്.



