കൈക്കൂലി പണം സ്വീകരിക്കാൻ യുപിഐ അക്കൗണ്ട്… സിഐക്കെതിരെ….

കോട്ടയം: വൈക്കം സിഐ ഷമീർ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസ്. സിഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനുള്ള റിപ്പോർട്ട് ഉടൻ കൈമാറും. ഗൂഗിൾ പേ വഴി 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽ നിന്നും മണ്ണ് മാഫിയയിൽ നിന്നും വിവിധ കേസുകളിലെ പ്രതികളിൽ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

നേരിട്ടും യുപിഐ ഇടപാടുകൾ വഴിയും പണം വാങ്ങുന്നുവെന്ന പരാതിയും വിജിലൻസിന് ലഭിച്ചിരുന്നു. പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽ നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. സിഐയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും എടിഎം കാർഡും കണ്ടെത്തിയിരുന്നു. വിജിലൻസ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇൻസ്‌പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു. അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചാണ് സിഐ കൈക്കൂലി പണം സ്വീകരിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ആധാർ, പാൻ കാർഡുകൾ ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ച ശേഷം വൈക്കം സ്വദേശിനിയുടെ ഫോണിൽ യുപിഐ അക്കൗണ്ട് ക്രമീകരിച്ച് പണം കൈപ്പറ്റിയെന്നാണ് വിവരം. അക്കൗണ്ട് ആരംഭിച്ച കനറാ ബാങ്കിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണ്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button