കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം

കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ യോഗത്തിൽ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ എം ഷാജി, സി പി ജോൺ എന്നിവർക്കെതിരെയാണ് വിമർശനം. എംഎൽഎമാരെ കാണാൻ കൂട്ടാക്കുന്നില്ലെന്നും ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നുമാണ് കുറ്റപ്പെടുത്തലുകൾ. യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. തങ്ങളുടെ അഭിപ്രായം പറയാൻ ആരും മാത്യുവിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജ്യോതികുമാർ ചാമക്കാല പറഞ്ഞു. ഇന്നലെ വൈകുന്നേരം ചേർന്ന യോഗത്തിലാണ് രൂക്ഷമായ വിമർശനമുയർന്നത്. വിഷ്ണുനാഥിനെതിരെ കുന്നത്തുനാട് എംഎൽഎയായ വി.പി.സജീന്ദ്രനാണ് ആഞ്ഞടിച്ചത്.
ടൂറിസം മന്ത്രി എംഎൽഎമാരെ കാണാൻ പോലും കൂട്ടാക്കുന്നില്ലെന്ന് സജീന്ദ്രൻ പറഞ്ഞു. പല പദ്ധതികളുമായി ബന്ധപ്പെട്ടും മണ്ഡലത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിയെ സമീപിക്കുമ്പോൾ അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ല എന്നും സജീന്ദ്രൻ വ്യക്തമാക്കി. വിമർശനങ്ങൾ കടുത്തതോടെ തനിക്ക് ചില പോരായ്മകൾ പറ്റിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് യോഗത്തിൽ സമ്മതിക്കുകയും ചെയ്തു. സ്ഥലംമാറ്റ വിഷയത്തിൽ തദ്ദേശ മന്ത്രിയിൽ നിന്ന് നീതി കിട്ടിയില്ലെന്ന്ജ്യോതികുമാർ ചാമക്കാലയും പറഞ്ഞു. സ്ഥലംമാറ്റപ്പെട്ടവരെ സഹായിക്കുന്നതരത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന് ജ്യോതികുമാർ ആരോപിച്ചു. വിമർശനം താൻ നേരിട്ട് മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



