നേഹ ബോറ എവിടെ? ദീപ്കെയെക്കുറിച്ചും വിവരമില്ലെന്ന് സിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ‘തിരംഗ യാത്ര’യിൽ പങ്കെടുക്കുന്നതിനിടെ കസ്റ്റഡയിലെടുത്ത നേഹ ബോറ എവിടെയെന്ന ചോദ്യവുമായി ഐസ നേതാക്കൾ രംഗത്ത്. നേഹ ബോറയെ കസ്റ്റഡിയിലെടുത്ത വാഹനത്തിൽ യൂണിഫോം ധരിക്കാത്ത രണ്ട് പേരുണ്ടായിരുന്നുവെന്നും ഇത് ദുരൂഹത ഉയർത്തുന്നതാണെന്നും ഐസ ആരോപിച്ചു. സേനയ്ക്ക് പുറത്തുനിന്നുള്ളവരെയാണോ ദില്ലി പൊലീസ് പ്രതിഷേധക്കാരെ അടിച്ചമർത്താൻ നിയോഗിച്ചിരിക്കുന്നതെന്ന ചോദ്യവും ഐസ ഉയർത്തിയിട്ടുണ്ട്. നേഹയെ ഒറ്റയ്ക്ക് മംഗ്ലാപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് സൂചനയെന്നും, വൈകിട്ട് 4 മണിയോടെ കസ്റ്റഡിയിലെടുത്ത നേഹയെക്കുറിച്ച് രാത്രി എട്ട് മണിയായിട്ടും യാതൊരുവിധ വിവരങ്ങളും ഔദ്യോഗികമായി ലഭിക്കുന്നില്ലെന്നും സംഘടന വിവരിച്ചു. നേഹയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരെ കാണാൻ അഭിഭാഷകരെ പോലും പൊലീസ് അനുവദിക്കുന്നില്ലെന്നും ഐസ വ്യക്തമാക്കി. നേഹയെ ഉടൻ മോചിപ്പിക്കണമെന്നും കസ്റ്റഡി നടപടികളിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവും സംഘടന ഉയർത്തുന്നുണ്ട്.

അതേസമയം ‘തിരംഗ യാത്ര’യിൽ പങ്കെടുക്കാനിറങ്ങവെ ദില്ലി പൊലീസ് കസ്റ്റഡയിലെടുത്ത അഭിജീത് ദീപ്കെയെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് പുറത്തുവിടുന്നില്ലെന്ന ആരോപണവുമായി സി ജെ പിയും രംഗത്തുണ്ട്. കൊണാട്ട് പ്ലേസിലേക്ക് ത്രിവർണ പതാകയുമേന്തി മാർച്ച് നടത്താൻ ഇറങ്ങവെയാണ് സി ജെ പി സ്ഥാപക നേതാവ് അഭിജീത് ദീപ്കെയെ ഝണ്ഡേവാലാനിലെ വീടിന് പുറത്ത് നിന്നും 4 മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് കാട്ടി ദില്ലി പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് മറികടന്ന് ഇറങ്ങിയപ്പോഴായിരുന്നു കസ്റ്റഡി നടപടി. ഇതുവരെയും ദീപ്കെയെ പൊലീസ് വിട്ടയച്ചിട്ടില്ല. ഏത് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്നും പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ രാജ്യതലസ്ഥാനത്ത് ഇന്നത്തെ സംഘർഷ സാഹചര്യം പൂർണമായും ഒഴിഞ്ഞിട്ടില്ല. സി ജെ പി പ്രവർത്തകരും ഐസ പ്രവർത്തകരും മിന്നൽ പ്രതിഷേധങ്ങളുമായി നഗരത്തിൻറെ വിവിധ ഭാഗങ്ങളിൽ രംഗത്തെത്തുന്നുണ്ട്.

Related Articles

Back to top button