മോശം കാലാവസ്ഥ… വിജയ്‌യുടെ കേരള സന്ദർശനം മാറ്റിവച്ചു

തൃശ്ശൂർ: കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് കേരളത്തിലെത്തില്ല. മോശം കാലാവസ്ഥയെ തുടർന്ന് തൃശ്ശൂരിലേക്കുള്ള യാത്ര റദ്ദാക്കിയതോടെയാണ് പരിപാടിയിൽ പങ്കെടുക്കാനാകാതിരുന്നത്. കോയമ്പത്തൂരിൽ നിന്ന് തൃശ്ശൂരിലേക്ക് എത്താനായിരുന്നു വിജയ് പദ്ധതിയിട്ടിരുന്നത്. തൃശ്ശൂരിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഹെലികോപ്റ്റർ യാത്ര റദ്ദാക്കുകയായിരുന്നു.

തുടർന്ന് പ്രത്യേക വിമാനത്തിൽ വിജയ് ചെന്നൈയിലേക്ക് മടങ്ങി. മറ്റൊരിക്കൽ കേരളത്തിലെത്താമെന്ന് വിജയ് ഉറപ്പുനൽകിയതായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമൻ അറിയിച്ചു. കല്യാണരാമന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കാറുമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം വിജയ് ഇതുവരെ കേരളം സന്ദർശിച്ചിട്ടില്ല. രണ്ടുവർഷം മുൻപ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ‘ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT)’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് എത്തിയിരുന്നു.

Related Articles

Back to top button