ആർ.ശ്രീലേഖക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്റെ പരാതി…..

മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ കൗൺസിലറുമായ ആർ.ശ്രീലേഖക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്റെ പരാതി. സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.  കൊല്ലം പുനലൂരിൽ വെച്ച് നടന്ന രാഷ്ട്രീയ പാർട്ടിയുടെ പൊതുപരിപാടിയിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ്  സുപ്രീം കോടതി അഭിഭാഷകനായ കോസി ജേക്കബ് പരാതി ഉന്നയിച്ചിരിക്കുന്നത്.

ഡൽഹിയിലെ എസ്‌.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നടത്തിയ സമരങ്ങളെക്കുറിച്ച് സംസാരിക്കവെ, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും തരംതാഴ്ത്തുന്ന രീതിയിലാണ് അവർ സംസാരിച്ചതെന്നും ഇതൊരു ജാമ്യമില്ലാ കുറ്റമായി കണക്കാക്കി ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് എന്നിവ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഉയർന്ന പദവികളും വഹിച്ചിട്ടുള്ള ഒരു വ്യക്തി, രാഹുൽ ഗാന്ധിയുടെ ദേശീയ-അന്തർദേശീയ കീർത്തിയെ മനഃപൂർവ്വം ലക്ഷ്യമിട്ട് അധിക്ഷേപകരമായ ഭാഷയിലാണ് പ്രസംഗിച്ചത്. രാഷ്ട്രീയ പാർട്ടികൾക്കിടയിലും സമൂഹത്തിലും പൊതുജനമധ്യേ വിദ്വേഷവും ചേരിതിരിവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവരുടെ പ്രസംഗം. രാഹുൽ ഗാന്ധി ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു നേതാവാണ്.

അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല. പൊതുവിടങ്ങളിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്നും ലഭ്യമായ വിവരങ്ങൾ പ്രകാരം അദ്ദേഹം മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത വ്യക്തിയാണ്. അങ്ങനെയിരിക്കെ, അദ്ദേഹം ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നോ അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ അവർക്ക് എങ്ങനെ അറിയാം? ഇതിന് എന്തെങ്കിലും തെളിവോ അല്ലെങ്കിൽ അദ്ദേഹം ലഹരിവസ്തു ഉപയോഗിക്കുന്നത് നേരിട്ട് കണ്ടിട്ടുള്ള സാക്ഷികളോ അവരുടെ പക്കലുണ്ടോ എന്നും പരാതിയിൽ പരാമർശിക്കുന്നു.
രാഹുൽ ഗാന്ധിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങളും മോശം ഭാഷയും ഉപയോഗിച്ച് രാഷ്ട്രീയവും സാമൂഹികവുമായ വിദ്വേഷവും അക്രമവും അശാന്തിയും ഉണ്ടാക്കുക എന്ന വ്യക്തിപരമായ താല്പര്യമാണ് അവർക്കുള്ളത്. കേരള പോലീസിൽ ഡി.ജി.പി പോലെയുള്ള ഏറ്റവും ഉയർന്ന പദവി വഹിച്ചിരുന്ന വ്യക്തിയാണ് അവർ. അതിനാൽ ശ്രീലേഖക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അഷണം നടത്തി നടപടിയും സ്വീകരിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.

Related Articles

Back to top button