കൈകൾ ശുദ്ധമാണെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിന്?…. മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവിനെതിരായ അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. പിണറായി വിജയൻ കേസ് നേരിടുകയാണ് ഇനി വേണ്ടതെന്നും കൈകൾ ശുദ്ധമാണെങ്കിൽ എഫ്ഐആറിനെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസെടുക്കാൻ കഴിയില്ലെന്ന വാദം കോടതി തള്ളിയെന്നാണ് വിധിയെക്കുറിച്ചുള്ള കുഴൽനാടന്റെ പ്രതികരണം. മാസപ്പടി കേസിൽ പിണറായി വിജയൻ നിയമനടപടികൾ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറൽ സ്വീകരിച്ച നിലപാടിനെയും മാത്യു കുഴൽനാടൻ വിമർശിച്ചു. പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന നിലപാട് എന്ത് അടിസ്ഥാനത്തിലാണ് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ന്യായമായ നിലപാടല്ല, നിയമപരമായ നിലപാടാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കുഴൽനാടൻ, കേസ് സിബിഐക്ക് കൈമാറേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. പിണറായി വിജയനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ കഴിയാത്തതിനാലാണ് സിബിഐക്ക് പരാതി നൽകാതിരുന്നതെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനോട് താൻ രാഷ്ട്രീയ മര്യാദ കാണിച്ചിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.

Related Articles

Back to top button