ഇന്ത്യക്ക് പരമ്പര ലക്ഷ്യം…. വിൻഡീസിനെതിരെ നാലാം ടി20 ഇന്ന്

വെസ്റ്റ്‌ ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന് വിജയിച്ച് തിരിച്ചെത്തിയ ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാൽ പരമ്പര ഇന്ത്യക്ക് സ്വന്തം.രണ്ടാം മത്സരത്തിൽ 250 റൺസ് പിന്തുടർന്ന് വിജയിച്ച വിൻഡീസ് ബാറ്റിങ് നിരയുടെ കരുത്ത് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. മൂന്നാം മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ മികവ് കാട്ടിയെങ്കിലും ഏത് സ്കോറും പിന്തുടർന്ന് ജയിക്കാൻ ശേഷിയുള്ളവരാണ് വിൻഡീസ് താരങ്ങൾ. അതിനാൽ ഹൈദരാബാദിൽ വീണ്ടുമൊരു റൺമഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ഹൈദരാബാദിലേത്. എന്നാൽ അടുത്തിടെ പുതുക്കിപ്പണിത പിച്ചിൽനിന്ന് ബൗളർമാർക്ക് എത്രത്തോളം പിന്തുണ ലഭിക്കുമെന്നതും നിർണായകമാകും. രാത്രി വൈകുന്നതോടെ ശക്തമാകുന്ന മഞ്ഞുവീഴ്ച രണ്ടാമത് പന്തെറിയുന്ന ടീമിന് വെല്ലുവിളിയായേക്കും. ഹൈദരാബാദിൽ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയില്ലെന്നുമാണ് പ്രവചനം. 30 ഡിഗ്രി സെൽഷ്യസായിരിക്കാവുന്ന താപനില രാത്രിയോടെ 27 ഡിഗ്രിയിലേക്ക് താഴും.ഇൻഡോറിൽ വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. രണ്ടാം മത്സരത്തിൽ അർധസെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസൺ മൂന്നാം മത്സരത്തിൽ നിരാശപ്പെടുത്തിയിരുന്നു. എങ്കിലും സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചേക്കും. കൗമാരതാരം വൈഭവ് സൂര്യവംശിക്ക് ഇന്നത്തെ മത്സരത്തിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കിയാൽ അവസാന മത്സരത്തിൽ വൈഭവിനെ കളിപ്പിക്കാൻ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും.

അതേസമയം, വെസ്റ്റ് ഇൻഡീസ് നിരയിൽ റോമാരിയോ ഷെപ്പേർഡിന്റെ പരിക്കാണ് പ്രധാന ആശങ്ക. നിർണായക മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടാനാകും വിൻഡീസ് ശ്രമം.സാധ്യതാ ഇന്ത്യൻ ടീം: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയങ്ക് യാദവ്.സാധ്യതാ വെസ്റ്റ് ഇൻഡീസ് ടീം: ഷായ് ഹോപ്പ്, കാമിൽ പൂരൻ, റോഷ്ടൻ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റൂതർഫോർഡ്, ക്വെന്റിൻ സാംപ്സൺ, കീമോ പോൾ, ഷമാർ സ്പ്രിംഗർ, ഷമാർ ജോസഫ്, ഗുഡാകേഷ് മോട്ടി.

Related Articles

Back to top button