കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവച്ചു… രാജ്യസഭാംഗത്വവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്രമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാംഗത്വവും രാജിവച്ചു. ബിജെപിയെ ശക്തിപ്പെടുത്താൻ സാധാരണ പ്രവർത്തകർക്കൊപ്പം താഴെത്തട്ടിൽ പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2029ലെ തിരഞ്ഞെടുപ്പിനായി പ്രവർത്തിക്കുമെന്നും എൽ. മുരുകൻ പറഞ്ഞു. ഒരു ദിവസവേതന തൊഴിലാളികളായ മാതാപിതാക്കളുടെ മകനെ കേന്ദ്രമന്ത്രിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താഴെത്തട്ടിൽ പ്രവർത്തിച്ചാൽ മാത്രമേ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയൂവെന്നും എൽ. മുരുകൻ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ സേവനമനുഷ്ഠിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്ന് എക്സ് പോസ്റ്റിലൂടെ അദ്ദേഹം കുറിച്ചു. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴുള്ള പരിപാടികളിലും എൽ. മുരുകൻ പങ്കെടുത്തിരുന്നു. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായ എൽ. മുരുകൻ മധ്യപ്രദേശിൽ നിന്നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2030 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്താണ് അദ്ദേഹം സമർപ്പിച്ചത്. രാജിക്ക് പിന്നിലെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button