യുവതിയുടെ മരണത്തിനു പിന്നാലെ യുവാവിനെ… ബന്ധുക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയുടെ മരണത്തിനു പിന്നാലെ യുവാവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. നാഗർകോവിൽ കൊട്ടാരത്തിനു സമീപം പെരുവിളയിൽ ആന്റണി രാജിനെ (30) കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ ബന്ധുക്കളായ അഞ്ചുപേരെ പൊലീസ് പിടികൂടിയത്. രവി സെൽവൻ (56), യേശുനേശ സെൽവൻ (58), സഹോദരന്മാരായ ബെവിൻ (26), ബെനിസ് (25), വിനിസ് (22) എന്നിവരാണ് അറസ്റ്റിലായത്.

ആന്റണി രാജിന്റെ പ്രണയാഭ്യർഥനയെത്തുടർന്ന് ശല്യം നേരിട്ട യുവതി ആത്മഹത്യ ചെയ്തതിലുള്ള പ്രകോപനമാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം. കൊട്ടാരം പെരുവിള സ്വദേശി ജ്ഞാനശെൽവത്തിന്റെ മകൾ ഏയ്ഞ്ചൽ (26) കഴിഞ്ഞദിവസമാണ് ജീവനൊടുക്കിയത്. ആന്റണി രാജിന്റെ പ്രണയാഭ്യർഥനയും തുടർച്ചയായ ശല്യവും സഹിക്കാനാകാതെയാണ് ഏയ്ഞ്ചൽ ജീവനൊടുക്കിയതെന്നാണ് ആരോപണം. മാസങ്ങളായി ആന്റണി രാജ് ഏയ്ഞ്ചലിനെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായും ഇതേത്തുടർന്ന് കഴിഞ്ഞമാസം കുടുംബം കന്യാകുമാരി പൊലീസിൽ പരാതി നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. പരാതിയെത്തുടർന്ന് അറസ്റ്റിലായ ആന്റണി രാജ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷവും ഏയ്ഞ്ചലിനെ ശല്യം ചെയ്തതായാണ് ആരോപണം.

സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഏയ്ഞ്ചൽ ഞായറാഴ്ച മുറിക്കുള്ളിൽ ഉറങ്ങാൻ പോയ ശേഷമാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയതിനു പിന്നാലെ ആന്റണി രാജും വീടിനു മുന്നിലെത്തി. യുവതിയുടെ മരണത്തിന് കാരണക്കാരനെന്ന് ആരോപിച്ച് ബന്ധുക്കൾ ഇയാളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ചിലർ കല്ലുകൊണ്ട് അടിച്ചതാണ് ആന്റണി രാജിന്റെ മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അറസ്റ്റിലായ പ്രതികളെ നാഗർകോവിൽ കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button