ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു… രണ്ട് ലക്ഷം രൂപയുമായി മടങ്ങുന്നതിനിടെ 45കാരി…

കൊല്ലം: ചവറയിൽ വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പിടിയിലായത്. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കണ്ടെത്തിയ പൊലീസ്, ഇവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ 11ന് കൊല്ലക കന്നിമൂല കിഴക്കേതിൽ സതീഷിന്റെ വീട്ടിലായിരുന്നു മോഷണം.

കുട്ടി വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ ശ്യാമ പുറത്ത് തുണി അലക്കുകയായിരുന്നു. ഈ സമയം വീട്ടിലെത്തിയ ഹസീന, തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി. വീട്ടുകാർ കാണാതെ കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള അരഞ്ഞാണവും ഒൻപത് ഗ്രാം തൂക്കമുള്ള മാലയും ഊരിയെടുത്ത് മുൻവാതിലിലൂടെ പുറത്തുപോയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെത്തിയ മോഷ്ടാക്കൾ കുട്ടിയുടെ സ്വർണാഭരണങ്ങൾ കവർന്നതാകാമെന്ന സംശയത്തിൽ വീട്ടുകാർ ചവറ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നാട്ടുകാരോടും വഴിയാത്രക്കാരോടും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ തിരിച്ചറിഞ്ഞത്. കവർന്ന സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളിയിലെ ഒരു ജ്വല്ലറിയിൽ വിറ്റ് രണ്ട് ലക്ഷം രൂപയുമായി മടങ്ങുന്നതിനിടെയാണ് ഹസീന പിടിയിലായത്. സതീഷിന്റെ വീട്ടുകാരുമായി നേരത്തേ പരിചയമുണ്ടായിരുന്ന ഹസീന, മുമ്പ് സ്വർണം പണയംവയ്ക്കാനായി വാങ്ങിയിരുന്നു. വീട്ടുകാർ പലതവണ നിർബന്ധിച്ചതിനെത്തുടർന്നാണ് അന്ന് സ്വർണം തിരികെ നൽകിയതെന്നും പൊലീസ് പറയുന്നു. എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐ ബി. ഓമനക്കുട്ടൻ, ഗ്രേഡ് എസ്ഐ ഷാജിമോൻ, എസ്‌സിപിഒ വി. പ്രദീപ്, സിപിഒ ആര്യ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Related Articles

Back to top button