സിജെപി–ആർഎസ്എസ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പി. സരിൻ

സിജെപി ആർഎസ്എസിന്റെ മറ്റൊരു പദ്ധതിയാണെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് പി. സരിൻ. പ്രസ്താവനയിൽ ഉദ്ദേശിച്ചത് തെറ്റായി ആശയവിനിമയം ചെയ്യപ്പെട്ടതാണെന്നും പറഞ്ഞ കാര്യത്തിൽ നിർവ്യാജമായി ഖേദിക്കുന്നതായും സരിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സിജെപി ആർഎസ്എസിന്റെ പദ്ധതിയാണെന്ന ആരോപണം ശരിയാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന സാഹചര്യം സിജെപി തന്നെ സൃഷ്ടിക്കരുത് എന്ന് പറയുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സരിൻ വിശദീകരിച്ചു. എന്നാൽ, മനസ്സിൽ ഉദ്ദേശിച്ച കാര്യം അതേ രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം സമ്മതിച്ചു.
പരാമർശം വാക്കുപിഴവായിരുന്നുവെന്നും അതിൽ ഖേദമുണ്ടെന്നും വ്യക്തമാക്കിയ സരിൻ, തന്റെ വാക്കുകൾ തെറ്റായ അർഥത്തിൽ വ്യാഖ്യാനിക്കപ്പെടാനിടയായതിൽ ഖേദം പ്രകടിപ്പിച്ചു.



