ഡൽഹിയിൽ പൊലീസ് അതിക്രമം… രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ബ്രിട്ടാസിന്റെ…

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നടത്തിയെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി. രാഷ്ട്രപതി, രാജ്യസഭാ അധ്യക്ഷൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് കത്തയച്ചതായി അദ്ദേഹം അറിയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിലാണ് പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് ബ്രിട്ടാസ് ആരോപിച്ചു.

വാഹനത്തിൽവെച്ച് മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തശേഷം റോഡരികിൽ ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. സംഭവം തനിക്കെതിരായ അതിക്രമം മാത്രമല്ലെന്നും ജനാധിപത്യ സ്വാതന്ത്ര്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും ബ്രിട്ടാസ് ആരോപിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് സംഭവമുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് കത്തിലെ ആവശ്യം. തന്റെ പാർലമെന്ററി അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു. ഭയപ്പെടുത്തി ജനാധിപത്യത്തെ നിശ്ശബ്ദമാക്കാൻ സർക്കാരിന് കഴിയില്ലെന്നും സംവാദങ്ങൾക്ക് പകരം ലാത്തിപ്രയോഗമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിയോജിപ്പുകൾ കേൾക്കാനും പരിഹരിക്കാനുമുള്ള കഴിവിലാണ് ജനാധിപത്യത്തിന്റെ യഥാർഥ ശക്തിയെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

Related Articles

Back to top button