കസ്റ്റഡിയിലും സമരം തുടരും… വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ പിന്നോട്ടില്ലെന്ന്….

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ജി ഭവനിൽ നിന്ന് എ.എ. റഹീമിന്റെ നേതൃത്വത്തിൽ മാർച്ച് ആരംഭിച്ച മുന്നൂറോളം പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ് ബസുകളിലായാണ് ഇവരെ നങ്‌ലോയ് സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.

കസ്റ്റഡിയിലെടുത്ത് നങ്‌ലോയ് സ്റ്റേഡിയത്തിൽ എത്തിച്ച ശേഷമാണ് പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. കസ്റ്റഡിയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരും സമരത്തിൽ പങ്കുചേർന്നു. വിദ്യാർത്ഥിനികളോട് അതിക്രമം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന ഇൻസ്പെക്ടർ പവൻ തോമർ മാപ്പ് പറയണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇൻസ്പെക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എ.എ. റഹീം ആവശ്യപ്പെട്ടു. പൊലീസ് അന്യായമായി പിടിച്ചെടുത്ത മൊബൈൽ ഫോണുകളും ബാഗുകളും ഉടൻ തിരികെ നൽകണമെന്നും റഹീം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ മോചിപ്പിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജന്തർ മന്തറിലെ പ്രതിഷേധത്തിന് മുന്നോടിയായി ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ ഡൽഹിയിൽ രാഷ്ട്രീയ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്.

Back to top button