എസ്.പി. ദീപക്കിനെതിരെ 5കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഹാജർ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന വിവാദത്തിൽ പുതിയ വഴിതിരിവ്. എൽഡിഎഫ് നേതാവ് എസ്.പി. ദീപക്കിനെതിരെ നിയമനടപിയുമായി മേയർ രംഗത്ത്. എസ്.പി. ദീപക്കിനെതിരെ വി.വി. രാജേഷ് മാനനഷ്ട കേസ് ഫയൽ ചെയ്യുകയും, മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാട്ടി അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

മുമ്പ്, കോർപ്പറേഷനിലെ ഹാജർ ബുക്കിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. മേയർക്ക് പുറമെ വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ, കോർപ്പറേഷൻ സെക്രട്ടറി എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിട്ടുള്ളത്. സിപിഎം നേതാവ് എസ്.പി. ദീപകിന്റെ പരാതിയിലായിരുന്നു ഈ നടപടി. കാപ്പാ കേസിൽ അറസ്റ്റിലായി ഒളിവിലായിരുന്ന കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നിട്ടും, ഭൂരിപക്ഷം ഉറപ്പാക്കാൻ ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തതായി വരുത്തിതീർക്കാൻ വ്യാജമായി ഒപ്പിട്ടു എന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രധാന ആരോപണം. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കാപ്പാ കരുതല്‍ തടവ് റദ്ദാക്കപ്പെട്ടതിനെത്തുടർന്ന് ആർ. സുഗതൻ ജയിൽ മോചിതനായതിന് പിന്നാലെയാണ് ഇപ്പോൾ മേയർ എൽ.ഡി.എഫ് നേതാവിനെതിരെ മാനനഷ്ടക്കേസുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button