എയിംസ് വിഷയത്തില്‍ സുരേഷ്‌ഗോപിക്കെതിരെ വിമർശനവുമായി കെ മുരളീധരന്‍…

തിരുവനന്തപുരം: എയിംസിന്റെ കാര്യത്തില്‍ കേരളത്തിന് മുന്‍ഗണനയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതില്‍ പ്രതികരണവുമായി കെ മുരളീധരന്‍. ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രിയെ ഞാന്‍ തന്നെ നേരിട്ട് കണ്ടപ്പോള്‍ കേരളത്തിലെ എം പിമാര്‍ എല്ലാവരും ആവശ്യപ്പെട്ടതാണ്. അതുകൊണ്ട് എയിംസ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെയും കേരളത്തിന് ഉറപ്പായും എയിംസ് ഉണ്ടാകുമെന്ന് അദ്ദേഹവും പറഞ്ഞു. സ്ഥാപിക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ടും നല്‍കി. പക്ഷേ ഇന്ന് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വക്കീല്‍ പറഞ്ഞത് കേരളം ആരോഗ്യ രംഗത്ത് മുന്‍പന്തിയിലാണെന്നും അതുകൊണ്ട് എയിംസ് ഇപ്പോള്‍ നല്‍കുന്നില്ല, മറ്റുസ്ഥലങ്ങളില്‍ നല്‍കിയ ശേഷമേ പരിഗണിക്കുകയുള്ളു എന്നതാണ്.

എയിംസ് ഒരു പുരസ്‌കാരമല്ല, ജനങ്ങളുടെ ആരോഗ്യ അവകാശവുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം ന്യായമാണ്. ഇത് മാറ്റിവെക്കാന്‍ കഴിയില്ല. ആരോഗ്യ രംഗത്ത് മുന്‍പന്തിയിലായതാണോ കേരളം ചെയ്ത തെറ്റ് എന്നുള്ള രീതിയിലാണ് ഇന്ന് ഹൈക്കോടതിയുടെ കമന്റ്. ഒരുകാരണവശാലും കേരളത്തിന് നല്‍കരുത് എന്നൊരു വാശി കേന്ദ്രത്തിനുണ്ടോ എന്നുള്ളതാണ് ഞങ്ങള്‍ സംശയിക്കുന്നത്. ഹൈക്കോടതി പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് തീരുമാനങ്ങളില്‍ മാറ്റമുണ്ടാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകണം. അക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദവുമായി ഞങ്ങള്‍ മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button