ഓഫീസിൽ അതിക്രമിച്ച് കയറി ജലഗതാഗത വകുപ്പ് ജീവനക്കാർക്ക് നേരെ ആക്രമണം ; ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട മൈൻഡ് കണ്ണൻ…

എറണാകുളത്ത് ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ആളുമായ ‘മൈൻഡ് കണ്ണൻ’ എന്ന വിഷ്ണു കണ്ണൻ (37) ആണ് അറസ്റ്റിലായത്. എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ പിടികൂടിയത്. എറണാകുളം ജലഗതാഗത വകുപ്പിലെ ജീവനക്കാരനും ചേർത്തല പൂച്ചാക്കൽ സ്വദേശിയുമായ മാഹിൻ , ഇയാളുടെ സുഹൃത്ത് നവാസ് എന്നിവരെയാണ് മൈൻഡ് കണ്ണൻ ഓഫീസിൽ കയറി ആക്രമിച്ചത്. സംഭവത്തിൽ മാഹിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ എറണാകുളം സെൻട്രൽ പോലീസ് കേസെടുക്കുകയായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ കുറ്റവാളിയായ വിഷ്ണു കണ്ണൻ പിടിയിലായത്.
സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്. സബ് ഇൻസ്പെക്ടർമാരായ അനസ് തൗഫിക്, വിധുൻ, സുബോധ്, സീനിയർ സിപിഒമാരായ രാജേഷ്, ജിനീഷ് എന്നിവരടങ്ങിയ സംഘം എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് നിന്നാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




