ഹെലികോപ്റ്റർ വിവാദത്തിൽ ട്വിസ്റ്റ്… 80 ലക്ഷം മാസവാടകയുടെ ചിപ്സൺ കരാർ…

തിരുവനന്തപുരം: ചിപ്സൺ ഏവിയേഷനുമായുള്ള വാടക ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് വിശദീകരണം. മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ വിമാനയാത്ര വ്യക്തിപരമായ ആവശ്യത്തിനായിരുന്നില്ലെന്നും ഡിജിപി ലോകായുക്തയെ അറിയിച്ചു. കേസ് നവംബർ മൂന്നിലേക്ക് മാറ്റി.
ചിപ്സൺ ഏവിയേഷനുമായുള്ള സംസ്ഥാന പൊലീസിന്റെ മൂന്ന് വർഷത്തെ ഹെലികോപ്റ്റർ കരാർ സെപ്റ്റംബർ 19നാണ് അവസാനിച്ചത്. പ്രതിമാസം 25 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയായിരുന്നു കരാർ തുക. അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും നൽകണം. കരാർ അവസാനിക്കുന്നതിന് മുമ്പ് അതേ നിരക്കിൽ രണ്ട് വർഷത്തേക്ക് കൂടി കരാർ നീട്ടണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. പുതിയ ടെൻഡറിലേക്ക് പോയാൽ ഇതിലും കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ ലഭിക്കില്ലെന്നായിരുന്നു ശുപാർശയ്ക്ക് പിന്നിലെ വാദം. എന്നാൽ കരാർ കാലാവധി കഴിഞ്ഞതിന് പിന്നാലെ ചിപ്സൺ ഏവിയേഷൻ പുതിയ നിർദേശം മുന്നോട്ടുവച്ചു. ഇനി സ്ഥിരം പ്രതിമാസ വാടകയ്ക്ക് പകരം ആവശ്യാനുസരണം മാത്രം ഹെലികോപ്റ്റർ ഉപയോഗിച്ച് മണിക്കൂറിന് നാല് ലക്ഷം രൂപ നൽകുന്ന രീതിയിലായിരുന്നു പുതിയ നിർദേശം.
അതേസമയം, മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്കുള്ള ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് ചിപ്സൺ ഏവിയേഷൻ വഹിച്ചതുമായി ബന്ധപ്പെട്ടും വിവാദം ഉയർന്നിരുന്നു. യാത്രയ്ക്ക് 19.88 ലക്ഷം രൂപ ചെലവായതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കെ.എം. ഷാജഹാൻ ലോകായുക്തയെ സമീപിച്ചത്. ഇതിനിടെ മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി.



