കെട്ടിട നമ്പർ ഫയൽ വൈകിപ്പിച്ചു, വിവരാവകാശ പ്രകാരം വിവരങ്ങളും നൽകിയില്ല; ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോ​ഗസ്ഥർക്ക്..

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയൽ അനാവശ്യമായി വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയും ചെയ്തതിന് ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംസ്ഥാന വിവരാവകാശ കമ്മിഷൻ ഇരുവർക്കും 12,500 രൂപ വീതം പിഴ ചുമത്തി.

സർവീസിൽനിന്ന് വിരമിച്ച പഞ്ചായത്ത് സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ, സെക്ഷൻ ക്ലാർക്ക് ഡിപിൻ എന്നിവർക്കാണ് പിഴ. വിവരാവകാശ കമ്മിഷണർ എം ശ്രീകുമാറാണ് ഉത്തരവിട്ടത്.

തെക്കൻ ചിറ്റൂർ സ്വദേശി അനിൽ രാമച്ചംകുഴി കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിനായി നൽകിയ അപേക്ഷയിൽ മാസങ്ങളായിട്ടും നടപടിയുണ്ടായില്ല. രണ്ടാമതും അപേക്ഷ നൽകിയിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഫയലിന്റെ സ്ഥിതിയും നടപടികളും അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി.

അപേക്ഷയിലെ വിവരങ്ങൾ പത്ത് ദിവസത്തിനകം നൽകണമെന്ന് കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.

ഫയൽ കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും വിവരങ്ങൾ നൽകാതിരിക്കാൻ നൽകിയ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നും കമ്മിഷൻ വിലയിരുത്തി. തുടർന്നാണ് ഇരുവർക്കും പിഴ ചുമത്തിയത്.

Related Articles

Back to top button