സതീശനെതിരെ കടുത്ത നിലപാട് തുടർന്ന് അടൂർ പ്രകാശ്

മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ കടുത്ത നിലപാട് തുടർന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വി.ഡി. സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് ഏകപക്ഷീയ ശൈലി ആരോപിച്ച് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുന്നണി കൺവീനറുടെ പരാതിയിൽ ഹൈക്കമാൻ‍ഡിനെ നിലപാട് അറിയിച്ചേക്കും. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദില്ലിയിൽ തുടരുകയാണ്. ദില്ലിയിലുള്ള മുഖ്യമന്ത്രിയും അടൂർ പ്രകാശിനെതിരെ മറുനീക്കങ്ങൾ നടത്തിയേക്കാം. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനോട് ദില്ലിയിൽ തുടരാൻ നേതൃത്വം നിർദ്ദേശിച്ചിരിക്കുകയാണ്.

നിലവിലെ കെപിസിസി പ്രസിഡന്റും സംസ്ഥാന വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും ദില്ലിയിലെത്തി മല്ലികാർജുൻ ഖാർഗെയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചിട്ടുണ്ട്. അടൂർ പ്രകാശിന്റെ പരാതി ഹൈക്കമാൻഡ് പരിശോധിക്കുമെന്നും, പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ നേതാക്കൾ പരസ്യമായി പറയരുതെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. ഒപ്പം മന്ത്രിസ്ഥാനം ഏറ്റെടുത്തതിനാൽ പൂർണ്ണസമയ കെപിസിസി അധ്യക്ഷനെ ഉടൻ കണ്ടെത്തണമെന്ന ആവശ്യവും നിലവിലുണ്ട്.

മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തിയിട്ടുണ്ട്. പരസ്യവിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ പാർട്ടി അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി നടപടി വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന ക്യാമ്പ്. ഐയുഎംഎൽ നേതാവ് എം.കെ. മുനീർ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ എന്നിവർക്ക് കാബിനറ്റ് പദവിയോടെയുള്ള രാഷ്ട്രീയ നിയമനങ്ങൾ നൽകിയതുൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ കൺവീനറായ താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും, യുഡിഎഫിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമാണ് അടൂർ പ്രകാശിന്റെ ആക്ഷേപം.

Related Articles

Back to top button