തിരുവനന്തപുരം നഗരസഭയിൽ പ്രതിസന്ധി ഒഴിയാതെ ബിജെപി….

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് പ്രതിസന്ധി ഒഴിയുന്നില്ല. കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസിലർ ആർ സുഗതന്‍റെ ഒപ്പ് വിവാദത്തിൽ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനം. ഹാജർ രജിസ്റ്ററിൽ സുഗതന്‍റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന പരാതി ശക്തമായി ഉന്നയിക്കാൻ ഇരു പാർട്ടികളും തീരുമാനിച്ചു. പരാതിയിൽ കൻ്റോണ്‍മെൻ്റ് എസിപി അന്വേഷണം നടത്തും.

സു​ഗതൻ കൗൺസിൽ യോ​ഗങ്ങളിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടു എന്നാണ് ആരോപണം. സു​ഗതൻ മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി വ്യാജ ഒപ്പിട്ടെന്ന്, വിവരാവകാശ നിയമ പ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിൻ്റെ അടിസ്ഥാനത്തിലാണ് സിപിഎം ആരോപണം ഉന്നയിച്ചത്. സു​ഗതനെ സംരക്ഷിക്കാൻ വേണ്ടിയാണ് മേയർ വി വി രാജേഷിൻ്റെ ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ഒപ്പിട്ടു രജിസ്റ്റ‍ർ ബുക്ക് സൂക്ഷിച്ചതെന്ന് സിപിഎം പാർലമെൻ്ററി പാർട്ടി നേതാവ് എസ് പി ദീപക് ആരോപിച്ചു. ഫെബ്രുവരി 26, മാ‍ർച്ച് 11, ഏപ്രിൽ 27 എന്നീ തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് ഒപ്പ് ക്രമക്കേട് നടത്തിയത്. കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്ന് മറുപടി ലഭിച്ചതായും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ് പി ദീപക് പറഞ്ഞു.

Related Articles

Back to top button